തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 19ന് വിധിപറയും. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതി നവ്യയാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പ്രോസിക്യൂട്ടർ ഹരീഷ് വാദിച്ചു. സ്‌കൂട്ടറും സ്‌ഫോടകവസ്തുവും എത്തിച്ചു നൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

കേസിൽ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നു പ്രതിഭാഗം വാദിച്ചു. വ്യക്തമല്ലാത്ത ക്യാമറ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചതെന്നും നവ്യ ഉപയോഗിക്കുന്ന സ്‌കൂട്ടർ മറ്റൊന്നാണെന്നും പ്രതിക്കു വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോൺ പ്രോസിക്യൂഷനു മറുപടി നൽകി.

എകെജി സെന്റർ ആക്രമണക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ സുഹൃത്താണ് നവ്യ. ജിതിൻ ആക്രമണത്തിന് എത്തിയത് നവ്യ നൽകിയ സ്‌കൂട്ടറിലാണെന്നാണ് ക്രൈംബ്രാഞ്ച് വാദം. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിൽ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽനിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.