ആലപ്പുഴ: ലഡീസ് ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടയ്ക്കുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ രാത്രി സമരം തുടങ്ങി. കർഫ്യൂ സമയം നീട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ഇതേ ആവസ്യവുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദ്ദേശത്തിനെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഇന്നലെ രാത്രി പ്രതിഷേധിച്ചത്.

ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുള്ളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വിഷയത്തിൽ വിദ്യാർത്ഥി പ്രതിനിധികളുമായി വൈസ് പ്രിൻസിപ്പാൾ ഇന്ന് ചർച്ച നടത്തിയെങ്കിൽ തീരുമാനം ഒന്നുമായില്ല. പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്‌നമാണെന്ന് വനിതാ കമ്മീഷൻ പ്രതികരിച്ചിരുന്നു. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. അടുത്ത സിറ്റിംഗിൽ മെഡിക്കൽ കോളജ് അധികൃതരെ കേൾക്കും. ആൺ - പെൺ വിവേചനമില്ലാതെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണം. മറ്റ് കോളേജുകളിൽ സമയ നിയന്ത്രണം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.