തിരുവനന്തപുരം: പതിനെട്ടിനും ഇരുപത്തഞ്ചിനും പ്രായത്തിനിടയിലുള്ള യുവാക്കളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നത് കനത്ത വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭാ സഹകരണത്തോടെ നടന്ന ലഹരി വിമുക്ത സെമിനാറിൽ പങ്കെടുത്ത അന്താരാഷ്ട്ര വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

നിയമപരമായി പ്രായപൂർത്തിയായെങ്കിലും 25 വയസ്സുവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുമെന്നതാണ് ഇവരെ ലഹരിയുടെ കാര്യത്തിൽ ദുർബലരാക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം നേരിടുന്ന വെല്ലുവിളിയാണ് 18-25 പ്രായപരിധിയിലുള്ളവരിലെ ലഹരി ഉപയോഗം കൈകാര്യം ചെയ്യുകയെന്നത്. പ്രായപൂർത്തിയാകുന്നതോടെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽ നിന്നും ഇവർ പൂർണമായും മോചിതരാകും. ലഹരി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ ഉയർന്നു വരുന്നതോടെ പെട്ടന്ന് ലഭിക്കുന്ന മുന്തിയ വരുമാനത്തിനായി പഠിത്തം ഉപേക്ഷിക്കും. കച്ചവടത്തിൽ നിന്ന് ക്രമേണ ഉപയോഗത്തിലേക്കും കടക്കുന്ന ഇവർ തിരിച്ചറിവാകുമ്പോഴേക്കും ജീവിതത്തിൽ നിന്ന് പൂർണമായി അകന്നു പോകുമെന്ന് ലോകപ്രശസ്ത വനിതാ സംഘടനയായ വിമൻ വിത്തൗട്ട് ബോർഡറിന്റെ സ്ഥാപക ഈഡിത്ത് ഷ്‌ളാഫർ ചൂണ്ടിക്കാട്ടി.

അടുത്ത പത്തു വർഷം കൂടിക്കഴിഞ്ഞാൽ ഇന്ത്യയിലെ പകുതി ജനസംഖ്യ ചെറുപ്പക്കാരാകുമെന്ന് അവർ പറഞ്ഞു. ഇത് ശുഭകരമായ കാര്യമാണെങ്കിലും അതുണ്ടാക്കാവുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞ് തടയുന്നതിനാവശ്യമായ നടപടികൾ, നയരൂപീകരണം, കൂടിയാലോചനകൾ എന്നിവ സർക്കാർ തലത്തിലും സാമൂഹ്യതലത്തിലും ഉയർന്നു വരണം. ചെറുപ്രായത്തിൽ തന്നെ ലഹരി സംബന്ധിയായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് സ്വയം തിരുത്താനവസരം നൽകേണ്ടത് അത്യാവശ്യമാണ്. ഇത്തരക്കാരോട് സഹാനുഭൂതിയോട് പെരുമാറിയാൽ മാത്രമേ അവരെ തിരികെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനാകൂ അന്താരാഷ്ട്ര തലത്തിലെ സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.

ഈ പ്രായപരിധിയിലുള്ള യുവാക്കളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ഏറ്റവും എളുപ്പമുള്ള വഴി മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളെ ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (യുഎൻഒഡിസി) ദക്ഷിണേഷ്യാ പ്രതിനിധി മാർകോ ടെഷീറ ചൂണ്ടിക്കാട്ടി. വീരാരാധനയുടെ ഭാഗമായാണ് പലരും ഈ പ്രായത്തിൽ അക്രമി സംഘങ്ങളിലേക്കും ലഹരി ഉപയോഗത്തിലേക്കും തിരിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനു ബദലായി യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളെ സഹകരിപ്പിച്ച് ലഹരി വിമോചന പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കണം. ഇതിനായി സർക്കാർ സംവിധാനം ഒരുക്കുകയാണെങ്കിൽ നിരവധി സെലിബ്രറ്റികൾ ഇതുമായി സഹകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു