കലഞ്ഞൂർ: പത്തനംതിട്ട ജില്ലയിലെ ഇഞ്ചപ്പാറ രാക്ഷസൻപാറയ്ക്ക് സമീപം വീണ്ടും പുലിയെത്തി. ഈഴനേത്ത് അജിയുടെ വീടിന്റെ മുന്നിലാണ് പുലിയെ കണ്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പുലിയുടെ മുന്നിൽനിന്ന് അജിയുടെ ഭാര്യ ബിന്ദുവും നാലാംക്ലാസിൽ പഠിക്കുന്ന മകൻ അലനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുറ്റത്തുള്ള ശൗചാലയത്തിൽ പോകുന്നതിനാണ് അലൻ പുറത്തേക്കിറങ്ങിയത്. അലന് ചെവികേൾക്കില്ല. അതുകൊണ്ട്് ബിന്ദുവും കൂടി ഒപ്പം ഇറങ്ങി. മുറ്റത്തേക്കിറങ്ങിയതും പുലി ഇവർക്കുനേരേ പാഞ്ഞുചെന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് ബിന്ദുവും മകനും രക്ഷപ്പെട്ടത്.

കൂടൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് തിരച്ചിൽ നടത്തി. ഞായറാഴ്ചയും ഈ പ്രദേശത്ത് പുലി എത്തിയിരുന്നു. എന്നിട്ടും അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യമായ പരിശോധന നടത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പന്ത്രണ്ടുദിവസങ്ങൾക്കിടെ ഇത് അഞ്ചാം തവണയാണ് ജനവാസമേഖലയിൽ പുലി എത്തുന്നത്. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.