പാരിസ്: ഫ്രാൻസിൽ ലൈംഗിക രോഗങ്ങൾ പടരുന്നു. യുവജനങ്ങൾക്കിടയിലാണ് കൂടുതലായും ലൈംഗിക രോഗങ്ങൾ പടരുന്നത്. ഇതോടെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ കോണ്ടം സൗജന്യമാക്കാനൊരുങ്ങുകയാണ് ഫ്രാൻസ്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഇനി മുതൽ സൗജന്യമായി കോണ്ടം ലഭിക്കും. ഫാർമസികളിൽ നിന്നാണ് ഇവ സൗജന്യമായി ലഭിക്കുക.

യുവാക്കളുടെ ആരോഗ്യസംരക്ഷണമാണു ലക്ഷ്യം വയ്ക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അറിയിച്ചു. ഗർഭനിരോധന മാർഗത്തിനു ചെറിയൊരു വിപ്ലവം കൊണ്ടുവരാനാണു നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26 വരെ പ്രായമുള്ള യുവതികൾക്കു ഗർഭനിരോധനമാർഗങ്ങൾ ഈ വർഷം ആദ്യം മുതൽ സൗജന്യമാക്കിയിരുന്നു.

2020, 2021 വർഷങ്ങളിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഫ്രാൻസിൽ 30 ശതമാനമാണ് വർധിച്ചത്. ലൈംഗിക രോഗങ്ങൾ കുറയ്ക്കുന്നതിനും ഗർഭനിരോധന മാർഗങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനുമാണു ലക്ഷ്യം വയ്ക്കുന്നത്. ഡോക്ടറുടെ കുറിപ്പോടെ വാങ്ങുന്ന കോണ്ടത്തിനു ചെലവാക്കുന്ന തുക 2018 മുതൽ വ്യക്തികൾക്കു തിരികെ നൽകാൻ സർക്കാർ ആരംഭിച്ചിരുന്നു.

ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ തന്നെ എച്ച്‌ഐവി ഒഴികെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്താനും സാധിക്കും. 26 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് ഇങ്ങനെ പരിശോധന നടത്താൻ സാധിക്കുന്നത്.