ന്യൂഡൽഹി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യത്തിൽ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബുധനാഴ്ച കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യത്തിലാണ് കോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്.

സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പടെ ജനുവരി രണ്ടാംവാരം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറയാണ് ആലഞ്ചേരിക്കുവേണ്ടി ഹാജരായത്. കർദിനാൾ നേരിട്ട് ഹാജരാകണമെന്ന വിധി മറച്ചുവച്ചാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് പരാതിക്കാരൻ ഷൈൻ വർഗീസിന്റെ അഭിഭാഷകൻ രാകേന്ദ് ബസന്ത് ആരോപിച്ചു.

ഭൂമി വിൽപന കേസിൽ കർദിനാൾ ആലഞ്ചേരിയോട് നേരിട്ട് ഹാജരാകാൻ കഴിഞ്ഞ ജൂൺ 21നാണ് കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രജനി മോഹൻ ഉത്തരവിട്ടത്. അദ്ദേഹത്തിന് പുറമെ സഭയുടെ മുൻ പ്രോക്യുറേറ്ററായിരുന്ന ജോഷി പുതുവക്കും ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, ജോർജ് ആലഞ്ചേരിക്ക് ഇളവുകൾ നൽകാനാവില്ലെന്നും നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

തൃക്കാക്കരയിലെ കരുണാലയം, ഭാരത മാത കോളജ് പരിസരങ്ങളിലെ ഭൂമിയുടെ വിൽപനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഉത്തരവ്. കരുണാലയ പരിസരത്തെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ആറ് കേസും ഭാര മാത കോളജിന് സമീപത്തെ ഭൂമി സംബന്ധിച്ച് ഒരു കേസുമാണ് ഉള്ളത്. വിൽക്കാൻ അനുമതിയില്ലാത്ത ഭൂമി വിൽപന നടത്തി, സാമ്പത്തിക നഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് കേസ് നൽകിയിരുന്നു. ഇടപാടിൽ ഇടനിലക്കാരനായ സാജു വർഗീസ് ഹാജരായി ജാമ്യം എടുത്തിരുന്നു.

ആരോഗ്യ പ്രശ്നങ്ങളും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ അത്യാവശ്യ യാത്രകൾ ചെയ്യേണ്ട സാഹചര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആലഞ്ചേരി ഹർജി നൽകുകയായിരുന്നു. കർദിനാളിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി സന്ദർശിക്കുന്നുണ്ടെന്നും വാദിഭാഗം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതിയിൽനിന്ന് നാല് കിലോമീറ്റർ മാത്രം മാറിയാണ് അദ്ദേഹം താമസിക്കുന്നതെന്നും പരാതിക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.