കുമളി: ചെക്ക് പോസ്റ്റ് കടക്കാൻ അയ്യപ്പ ഭക്തരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് വലയിൽ കുടുങ്ങി. അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തരിൽനിന്ന് ആളൊന്നിന് 100 രൂപ വീതം വാങ്ങിയ കുമളിയിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വിജിലൻസ് വലയിലായത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎംവിഐ മദ്യപിച്ചാണ് ജോലി ചെയ്തിരുന്നതെന്നും കണ്ടെത്തി.

കേരള-തമിഴ്‌നാട് അതിർത്തി മോട്ടർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് വിജിലൻസ് സംഘം കുമളിയിൽ പരിശോധനയ്ക്ക് എത്തിയത്. കണക്കിൽപെടാത്ത 4000 രൂപയും ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെത്തി. മേശയുടെ അടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു പണം. എഎംവിഐ കെ.ജി. മനോജ്, ഓഫിസ് അസിസ്റ്റന്റ് ഹരികൃഷ്ണൻ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോർട്ട് നൽകി. അയ്യപ്പഭക്തരുടെ വാഹനങ്ങളിൽ നിന്നു പണം വാങ്ങുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന.

ചെക്ക്‌പോസ്റ്റ് കടക്കാൻ ആളൊന്നിന് 100 രൂപ എന്ന നിലയ്ക്കായിരുന്നു പണം വാങ്ങിയിരുന്നത്. അയ്യപ്പഭക്തരുടെ വാഹനത്തിന്റെ ഡ്രൈവറുടെ വേഷത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥൻ ആദ്യം 500 രൂപ നൽകി. എന്നാൽ പത്തു പേരുടെ പാസ് ഉള്ളതിനാൽ 1000 രൂപ വേണമെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎംവിഐ കെ.ജി. മനോജ് നിർബന്ധം പിടിച്ചു. തുടർന്ന് പണം നൽകി. ഉടൻ തന്നെ ഇടുക്കി വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം മുറിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഓഫിസിൽ നിന്നു കണക്കിൽ പെടാത്ത 4000 രൂപ കണ്ടെത്തിയത്. പാസ് എടുത്ത് അതിർത്തി കടന്നുവരുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് പെർമിറ്റിൽ സീൽ വയ്ക്കുന്നതിനാണ് പണം ഇടാക്കിയിരുന്നത്.

വിജിലൻസ് സംഘം എത്തി 10 മിനിറ്റ് കൊണ്ടാണ് 4000 രൂപ കൈക്കൂലിയായി ലഭിച്ചത്. ഇടയ്ക്കിടെ പുറത്തേക്കു പോകുന്ന ഓഫിസ് പ്യൂണിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. പണം ഒളിപ്പിക്കുന്നതിന് ചെക്ക് പോസ്റ്റിനു സമീപമുള്ള കടക്കാരുടെ സഹായം ലഭിക്കുന്നുണ്ട് എന്ന വിവരവും വിജിലൻസിനു ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ചെക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനാണ് വിജിലൻസ് തീരുമാനം