കണ്ണൂർ: തീവണ്ടിയാത്രക്കാർക്ക് അഞ്ചുരൂപയ്ക്ക് ഒരുലിറ്റർ തണുത്ത വെള്ളം നൽകുന്ന പദ്ധതി റെയിൽവേ നിർത്തലാക്കി. നാണയം ഇട്ടാൽ ഇനി മുതൽ വെള്ളം കിട്ടില്ല. കുറഞ്ഞ വിലയ്ക്ക് വെള്ളം നൽകുന്ന വാട്ടർ വെൻഡിങ് മെഷീൻ പദ്ധതിയാണ് റെയിൽവേ ഉപേക്ഷിച്ചത്. കേരളത്തിലെ 16 റെയിൽവേ സ്റ്റേഷനുകളിലാണ് വാട്ടർ വെൻഡിങ് മെഷീൻ പ്രവർത്തിച്ചിരുന്നത്. ഇനി തീവണ്ടി യാത്രക്കാർ കൂടുതൽ പണം കൊടുത്ത് 15 രൂപയുടെ മിനറൽ വാട്ടർതന്നെ വാങ്ങണം.

2018-ൽ റെയിൽവേയും ഐ.ആർ.സി.ടി.സി യും സംയുക്തമായി തുടങ്ങിയ സംരംഭമാണിത്. ഐ.ആർ.സി.ടി.സി.ക്കായിരുന്നു മേൽനോട്ടം. തീവണ്ടി യാത്രക്കാർക്ക് 300 മില്ലിലിറ്റർമുതൽ അഞ്ചുലിറ്റർവരെ കുടിവെള്ളം മെഷീൻ നൽകിയിരുന്നു. ഒരുരൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം കിട്ടും. യാത്രക്കാർക്ക് പ്രിയം അഞ്ചുരൂപയ്ക്കുള്ള ഒരു ലിറ്റർ വെള്ളമായിരുന്നു. അഞ്ചുരൂപ കോയിൻ ഇട്ടാൽ ഒരുലിറ്റർ വെള്ളം പാത്രത്തിൽ ശേഖരിക്കാം. ഇല്ലെങ്കിൽ നടത്തിപ്പുകാർ നൽകും. ബോട്ടിലടക്കം വേണമെങ്കിൽ ലിറ്ററിന് എട്ടുരൂപയുമായിരുന്നു നിരക്ക്.

പാലക്കാട് ഡിവിഷനിലെ ഒൻപത് സ്റ്റേഷനുകളിൽ ഇത് ലഭ്യമായിരുന്നു. ഷൊർണൂർ, പാലക്കാട് ജങ്ഷൻ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിലാണ് കുടിവെള്ള മെഷീൻ സ്ഥാപിച്ചിരുന്നത്. ഹൈദരാബാദിലുള്ള കമ്പനിക്കായിരുന്നു നടത്തിപ്പ് ചുമതല. കോവിഡ് വരെ വെള്ളം നൽകിയ മെഷീനുകൾ കോവിഡിനുശേഷം തുറന്നില്ല. തിരുവനന്തപുരം ഡിവിഷനിൽ എറണാകുളം ഉൾപ്പെടെ ഏഴ് സ്റ്റേഷനുകളിലും ഇപ്പോൾ ഇല്ല.