ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം. തലസ്ഥാന നഗരമടക്കം പലയിടത്തും കനത്ത മൂടൽമഞ്ഞു പടർന്നു.കാഴ്ചാ പരിധി കുറഞ്ഞതോടെ ഗതാഗതവും പ്രതിസന്ധിയിലായി. കാഴ്ചപരിധി 50 മീറ്ററിലും കുറയുന്ന വിധമുള്ള മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. പത്തോളം ട്രെയിനുകളും വൈകി. പല നഗരങ്ങളിലും കൂടിയ താപനില 15 ഡിഗ്രിയായി താഴ്ന്നു. ഡൽഹിയിൽ ചില സ്‌കൂളുകൾ അവധി നേരത്തേയാക്കി.

ഡൽഹിയിൽ ക്രിസ്മസ് ദിനത്തിൽ കുറഞ്ഞ താപനില 5.3 ഡിഗ്രിയായിരുന്നു. ഇന്നലെ അത് 3 ഡിഗ്രിയായി. കൂടിയ താപനില 16 ഡിഗ്രി. സാധാരണ ഈ കാലത്തുണ്ടാകുന്നതിലും 5 ഡിഗ്രിയോളം കുറവാണിത്. പഞ്ചാബിലും ഹരിയാനയിലും കശ്മീരിലും രാജസ്ഥാൻ, യുപി എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളിലും കൊടും തണുപ്പാണ്. കശ്മീരിൽ തണുപ്പു കാരണം വെള്ളം കട്ടപിടിച്ച് ജലവിതരണം തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. ദാൽ തടാകത്തിൽ മഞ്ഞുറഞ്ഞത് പമ്പിങ്ങിനെ ബാധിച്ചു. അടുത്ത 2 ദിവസം കൂടി ഇതേ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മുംബൈയിലും ശൈത്യം പിടിമുറുക്കുകയാണ്. ക്രിസ്മസ് ദിനത്തിൽ നഗരത്തിലെ കുറഞ്ഞ താപനില 15 ഡിഗ്രി വരെ താഴ്ന്നിരുന്നു.

രാജസ്ഥാനിലെ സിക്കാറിൽ 0.5 ഡിഗ്രി രേഖപ്പെടുത്തിയതാണ് കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില. കരൗലിയിൽ 0.7 ഡിഗ്രി രേഖപ്പെടുത്തി. ശ്രീനഗറിലും ഗുൽമാർഗിലും 5 ഡിഗ്രിയായിരുന്നു താപനില. ചണ്ഡിഗഡിൽ 11.1, അംബാലയിൽ 11, അമൃത്സറിൽ 12.9, രാജസ്ഥാനിലെ ഗംഗാനഗറിൽ 12.9, ബറേലിയിൽ 15.5. മുൻവർഷങ്ങളെ അപേക്ഷിച്ച് ശരാശരി 10 ഡിഗ്രിയോളം കുറവാണ് ഇത്.