കാസർകോട്: ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മർസൂഖ് (28) ആണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ നിന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.

ലോഡ്ജിന് പുറത്തായി റെയിൽവേ സ്റ്റേഷൻ മതിൽ അരികിലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് പിടിയിലാകുന്നത് . മതിലിനപ്പുറം ആരും കാണില്ലെന്ന് കരുതി ലഹരി ഉപയോഗിച്ചപ്പോഴാണ് ഇപ്പുറത്ത് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജ് മുറിയിൽ കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്. വിപണിയിൽ 1.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എക്സ്റ്റസി ഗുളികകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. 4.8 ഗ്രാം തൂക്കംവരുന്ന 100 എണ്ണം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

ഓൺലൈൻ വഴി മയക്കുമരുന്ന് വരുത്തി വിൽപന നടത്തുന്നയാളാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂടെയുള്ള മറ്റൊരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാസർകോട് ഇൻസ്പെക്ടർ പി അജിത് കുമാർ, എസ് ഐ വിഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് മർസൂഖിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.