എരുമേലി: പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനമേഖലയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ശക്തമായ സമരം വരുന്നു. കർഷക കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചതിനെ തുടർന്നാണ് തീരുമാനം. ശക്തമായ സമര പരിപാടികൾ ആവിഷ്‌ക്കരിച്ച് നടത്തുമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ പറഞ്ഞു. കെപി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എയ്ഞ്ചൽ വാലി സന്ദർശിക്കുമെന്നും, തങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

ബഫർ സോൺ ഉപഗ്രഹ സർവ്വേയിൽ എരുമേലി പഞ്ചായത്തിലെ 11, 12, വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽ വാലി വാർഡുകളിലെ 1500 ഓളം വീടുകളുൾപ്പെടുന്ന പ്രദേശങ്ങൾ വനമേഖലയിൽ ഉൾപ്പെടുത്തിയാണ് ബഫർ സോൺമാപ്പ് തയ്യാറാക്കിയിട്ടുള്ളത്. എയ്ഞ്ചൽവാലി പാരിഷ്ഹാളിൽ ചേർന്ന പ്രദേശവാസികളുടെ യോഗത്തിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പങ്കെടുക്കുകയും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തു.

1950 കളിൽ 602 ഹെക്ടർ സ്ഥലത്ത് സർക്കാർ കുടിയിരുത്തിയവരുടെ പിന്മുറക്കാരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നതെന്നും 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ 800 പട്ടയം നൽകുകയും ബാക്കി താമസക്കാർക്ക് പട്ടയം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്ന സമയത്ത് ഭരണമാറ്റം ഉണ്ടായതായും തുടർന്ന് റവന്യൂ വകുപ്പ് നികുതി സ്വീകരിക്കാതിരിക്കുകയും എന്നാൽ ഹൈക്കോടതി ഇടപെട്ട് നികുതി സ്വീകരിക്കുകയും ചെയ്തതായി എയ്ഞ്ചൽ വാലി സമരസമിതി ചെയർ മാൻ പി.ജെ.സെബാസ്റ്റ്യൻ പറഞ്ഞു.

602 ഹെക്ടർ സ്ഥലം വനാതിർത്തിയിൽ നിന്ന് നീക്കം ചെയ്ത് വനം വകുപ്പ് ജണ്ട കെട്ടി തിരിക്കുകയും ചെയ്തിരുന്നു. ഇവിടെ 7 ദേവാലയങ്ങളും, റേഷൻ കടയും, 4 അംഗൻവാടികളും നാലു സാംസ്‌കാരിക നിലയങ്ങളുമുണ്ട്. ഈ പ്രദേശം വനമേഖലയിൽ ഉൾപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് യോഗം ഐകകണ്‌ഠേന പ്രമേയം പാസാക്കി.

പഞ്ചായത്ത് മെമ്പർമാരായ മറിയാമ്മ സണ്ണി, മാത്യു ജോസഫ്, ജിജിമോൾ സജി, മറിയാമ്മ ജോസഫ്, മറിയാമ്മ മാത്തുക്കുട്ടി., ലിസിസജി, കണമല പള്ളി വികാരി ഫാ.. മാത്യു നിരപ്പേൽ, എയ്ഞ്ചൽവാലി പള്ളി വികാരി ഫാ: ജയിംസ് കൊല്ലംപറമ്പിൽകോരൂത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് ,വൈസ് പ്രസിഡന്റ്തോമസ് ചാക്കോ, ബ്ലോക് മെമ്പർ രത്‌നമ്മ രവീന്ദ്രൻ, പി.ഡി.പ്രകാശ്, പി.എൻ.സുകുമാരൻ, കർഷക കോൺഗ്രസ്സ് സംസ്ഥാന നേതാക്കളായ എ.ഡി. സാബൂസ്, ജോർജ് കൊട്ടാരം, റാഷിദ്.കെ.ബി., പഴകുളം സതീഷ്, ടോമി പാലക്കൻ, ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി മണക്കുന്നേൽ, പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, പി.ടി.ജോസഫ്, ഇജാസ് ഈരാറ്റുപേട്ട തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സംഘം വനമേഖലയിൽ ഉൾപ്പെടുത്തിയ മൂലക്കയം എസ്സ്.സി. കോളനിയും സന്ദർശിച്ചു