നെന്മാറ: ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തിയ ആൾ രണ്ട് ലക്ഷം രൂപയുടെ വണ്ടിയുമായി കടന്നു കളഞ്ഞു. വല്ലങ്ങിയിലെ ഇരുചക്രവാഹനക്കടയിൽ നിന്നാണ് 2.07 ലക്ഷംരൂപ വിലയുള്ള ബൈക്കുമായി കടന്നുകളഞ്ഞത്. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം. കടയുടെമുന്നിൽ നിർത്തിയിട്ട പുതിയ ബൈക്കിൽ ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ കയറിയ ശേഷം ബൈക്കുമായി കടന്നു കളയുകയായിരുന്നു.

ബൈക്ക് ആവശ്യപ്പെട്ടെത്തിയ യുവാവ് മുൻകൂറായി 1000 രൂപയും ഫോൺനമ്പറും നൽകിയതായി പരാതിയിൽ പറയുന്നു. പിന്നീട് ഏതാനും സമയം കടയുടെ മുന്നിൽനിന്നശേഷം മുന്നിലുള്ള ബൈക്കുമായി സ്ഥലം വിടുകയായിരുന്നെന്നാണ് പരാതി. താക്കോൽ വാഹനത്തിൽത്തന്നെയുണ്ടായിരുന്നതായും പറയുന്നു. വ്യാജ ഫോൺനമ്പറാണ് നൽകിയതെന്നാണ് പിന്നീട് മനസ്സിലായത്. നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.