തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം പതിനൊന്നിന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് നടക്കുന്ന മന്ദിരോദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനാണ് സമിതിക്കായി തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ചു നിലകളിലായി 18,000 ചതുരശ്ര അടിയിൽ മന്ദിരം നിർമ്മിച്ച് നൽകിയത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററി, രണ്ട് കൗൺസിലിങ് മുറികൾ, ആറ് ക്ലാസ് മുറി, ലൈബ്രറികൾ, കംപ്യൂട്ടർ മുറികൾ, മെസ് ഹാൾ, അടുക്കള, ടോയ്ലറ്റ് സൗകര്യം എന്നിവ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. പുതിയ അമ്മത്തൊട്ടിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാൻ അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷന് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫൗണ്ടേഷൻ ചെയർമാനും അബുദാബി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.

''ഏതൊരു ആധുനിക സമൂഹത്തിന്റെയും ഭാവി കുട്ടികളാണ്. അവരുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി അത്യാധുനികവും ശിശുസൗഹൃദവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാൻ ഫൗണ്ടേഷന്റെ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്. ഈ മാനുഷിക സംരംഭത്തെ പിന്തുണയ്ക്കാൻ അവസരം നൽകിയ സംസ്ഥാന സർക്കാരിനും കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്കും നന്ദി അറിയിക്കുന്നു.'' അദീബും ഷഫീനയും പറഞ്ഞു.

മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രതിനിധികളായ അദീബ് അഹമ്മദ്, ഷഫീന, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, ഡയറക്ടർ പ്രിയങ്ക ജി, കൗൺസിലർ മാധവദാസ്, ശിശുക്ഷേമസമിതി സെക്രട്ടറി കെ.ജയപാൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി തുടങ്ങിയവർ പങ്കെടുക്കും.