മംഗളൂരു: ജന്മദിനത്തിൽ മൂകാംബികാ ദേവിക്ക് സംഗീതാർച്ചനയൊരുക്കാൻ ഗാനഗന്ധർവ്വൻ യേശുദാസ് ഇത്തവണ കൊല്ലൂരിലെത്തില്ല. ജന്മദിനമായ ജനുവരി 10-ന് കൊല്ലൂരിൽ തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ യേശുദാസിനാി പ്രത്യേക പൂജകൾ നടക്കും. ശ്രീമൂകാംബിക സംഗീതാർച്ചന സമിതിയുടെ നേതൃത്വത്തിൽ സംഗീതാർച്ചനയുമുണ്ടാകും. ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ സ്വർണമുഖി വേദിയിലാണ് സംഗീതാർച്ചന. യേശുദാസിന്റെ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന സംഗീതാർച്ചനയ്ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രൻ നേതൃത്വം നൽകും.

ഇതാദ്യമായാണ് കൊല്ലൂരിൽ യേശുദാസിന്റെ ഒരുതരത്തിലുള്ള സാന്നിധ്യവുമില്ലാതെ ജന്മദിനം കടന്നുപോകുന്നത്. കഴിഞ്ഞവർഷം അമേരിക്കയിലെ ഡാലസിലെ വീട്ടിലിരുന്ന് ഓൺലൈൻ വഴി യേശുദാസ് സംഗീതാർച്ചന നടത്തിയിരുന്നു. അത് പ്രത്യേക സ്‌ക്രീനിൽ കാണിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ വരുന്നില്ലെങ്കിലും ഇത്തവണ കൊച്ചിയിൽ വിവിധ പരിപാടികളോടെ ജന്മദിനം ആഘോഷിക്കാനാണ് ഗാനഗന്ധർവന്റെ തീരുമാനം. എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററാണ് ജന്മദിനാഘോഷ വേദിയാകുന്നത്. യേശുദാസ് അക്കാദമിയാണ് സംഘാടകർ.