തിരുവനന്തപുരം: കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മാച്ചിൽ കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. ക്രിക്കറ്റ് മത്സരം കാണാൻ ആളുകൾ കുറഞ്ഞത് സർക്കാർ വിനോദനികുതി വർധിപ്പിച്ചതു കൊണ്ടാണെന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. സർക്കാർ വിനോദനികുതി കുറയ്ക്കുകയാണ് ചെയ്തത്. ക്രിക്കറ്റ് അസോസിയേഷൻ ഉന്നയിക്കാത്ത ആരോപണമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങൾക്ക് 48 ശതമാനം വിനോദനികുതി ചുമത്താമെന്നും അതിൽതന്നെ 24 ശതമാനം നികുതിയാണ് ചുമത്തിയതെന്നും ഇത് പിന്നീട് 12 ശതമാനമാക്കി കുറച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. അത് കെസിഎയ്ക്ക് അറിയാം. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മത്സരം കാണാൻ ആളെത്താതിരുന്നത് മറ്റ് കാരണങ്ങൾ കൊണ്ടാണ്. പിന്നീട് തെറ്റായ പ്രചരണം പൊളിഞ്ഞപ്പോൾ കായികമന്ത്രിയെ പഴി ചാരുകയാണ് ഇപ്പോൾ ചെയ്യുന്നത്. വസ്തുതകൾ മറച്ചുവെച്ച് മാധ്യമങ്ങൾ പരിധി വിട്ട സർക്കാർ വിരുദ്ധ വേല നടത്തുകയാണ്. ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിന്മാറുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.