ന്യൂഡൽഹി: താൻ ബീഫ് കഴിക്കാറുണ്ടെന്നും ബീഫ് കഴിക്കുന്നതിനു ബിജെപി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞ് മേഘാലയ അധ്യക്ഷൻ ഏണസ്റ്റ് മാവ്‌റി. താൻ ബീഫ് കഴിക്കാറുണ്ടെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഏണസ്റ്റ് മാവ്‌റി പറഞ്ഞു. മേഘാലയയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന.

''ബീഫ് വാങ്ങുന്നതിനും കഴിക്കുന്നതിനും ബിജെപി എതിരല്ല. ഞാൻ ബിജെപിയിലാണ്, ബീഫ് കഴിക്കാറുമുണ്ട്. അതിൽ യാതൊരു കുഴപ്പവുമില്ല. ഇക്കുറി മേഘാലയയിലെ ജനം ബിജെപിക്കൊപ്പം നിൽക്കും. പാർട്ടി മികച്ച പ്രകടനം പുറത്തെടുക്കും, ഫലം വരുമ്പോൾ അതു കാണാനാകും.'' ഏണസ്റ്റ് മാവ്‌റി പറഞ്ഞു

സംസ്ഥാനത്തെ 60 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഫലം വന്ന ശേഷം, അഴിമതിക്കാരല്ലാത്ത പാർട്ടികളുമായി സഖ്യസാധ്യത ആലോചിക്കും. അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു ബിജെപിക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 27നാണ് മേഘാലയയിൽ തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.