തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്നവർക്കായി സുരക്ഷാ നിർദ്ദേശം പുറപ്പെടുവിച്ച് കെഎസ്ഇബി. ട്രാൻസ്‌ഫോമറുകളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രമേ പൊങ്കാലയിടാവു എന്ന് കെഎസ്ഇബി അറിയിച്ചു. ട്രാൻസ്‌ഫോമറുകളുടെ ചുറ്റുവേലിയിൽ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും അവിടെ വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുതെന്നും അറിയിപ്പിലുണ്ട്.

ട്രാൻസ്‌ഫോമറുകൾ എന്ന പോലെ വൈദ്യുതി പോസ്റ്റുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വൈദ്യുതി പോസ്റ്റുകളുടെ ചുവട്ടിൽ പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കുക. ട്രാൻസ്‌ഫോമറുകളുടെയും വൈദ്യുത പോസ്റ്റുകളുടെയും ചുവട്ടിൽ ചപ്പുചവറുകൾ നിക്ഷേപിക്കുന്നതും ഒഴിവാക്കണം.

ലൈറ്റുകൾ ദീപാലങ്കാരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് കൈയെത്താത്ത ഉയരത്തിലായിരിക്കണം സംഘാടകർ സ്ഥാപിക്കേണ്ടത്. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹ ബോർഡുകൾ എന്നിവയിൽ കൂടെ കടന്നു പോകുന്ന തരത്തിൽ വൈദ്യുതി ദീപാലാങ്കാരങ്ങൾ സ്ഥാപിക്കരുത്.

വൈദ്യുതി പോസ്റ്റുകളിൽ ദീപാലങ്കാരങ്ങൾ സ്ഥാപിക്കാൻ പാടില്ല. ഗുണ നിലവാരമുള്ള വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ശബ്ദ, വെളിച്ച സംവിധാനങ്ങൾക്കായി ഉപയോഗിക്കണം. അംഗീകൃത കോൺട്രാക്ടർമാരെ മാത്രം ചുമതല ഏൽപ്പിക്കാൻ ശ്രദ്ധിക്കണം. മേൽപ്പറഞ്ഞ സുരക്ഷാ നിർദേശങ്ങൾ ആറ്റുകാൽ പൊങ്കാലയിടുന്നവരും ഉത്സവത്തിൽ പങ്കാളികളാകുന്നവരും കർശനമായി പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.