കോഴിക്കോട് : പ്രസവത്തിനിടെ നവജാതശിശു മരിച്ചസംഭവത്തിൽ ചികിത്സപ്പിഴവ് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം. ഫാത്തിമ ആശുപത്രിയിലാണ് യുവതിയുടെ ബന്ധുക്കളെത്തി വഴക്കുണ്ടാക്കിയതും അത് കയ്യാങ്കളിയിലെത്തിയതും. സംഘർഷത്തിനിടെ മർദനമേറ്റ് സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകന് ബോധം നഷ്ടപ്പെട്ടു. അക്രമം തടയാനെത്തിപ്പോഴാണ് ഡോ. അശോകന് മർദനമേറ്റത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.

ഒരാഴ്ചമുമ്പാണ് ഒര യുവതി ഇവിടെ പ്രസവത്തിനെത്തിയത്. പ്രസവത്തിൽ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. ചികിത്സിച്ച ഡോക്ടറുടെ പേരിൽ കുട്ടിയുടെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽത്തുടരുന്ന യുവതിയുടെ സി.ടി. സ്‌കാൻ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതർ മരണം സംബന്ധിച്ച വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളംവരുന്ന സംഘം ആശുപത്രിയിൽ അതിക്രമിച്ചുകടന്ന് ചില്ലുകളും മറ്റും അടിച്ചുതകർക്കുകയായിരുന്നു.

പ്രസവത്തിനായി എത്തിയപ്പോൾ യുവതിക്ക് അണുബാധയുണ്ടായിരുന്നുവെന്നും കുഞ്ഞിനെ രക്ഷിക്കാൻ എല്ലാശ്രമവും നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.