മൂന്നാർ: മൂന്നാറിലെ ഹൈഡൽ പാർക്ക് വിഷയവുമായി ബന്ധപ്പെട്ട് കോടതിവിധിയെയും സർക്കാർ ഉത്തരവിനെയും വെല്ലുവിളിച്ച് എം എം മണി എംഎൽഎ നടത്തിയ പ്രസംഗം സത്യപ്രതിജ്ഞ ലംഘനമാണെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മൂന്നാർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ രാജാറാം. ഉത്തരവാദിത്തപ്പെട്ട ഒരു നിയമ സഭാസാമാജികന്റെ പ്രവർത്തിയും വാക്കുകളുമല്ല എം എം മണിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും രാജാറാം വ്യക്തമാക്കി.

മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഹൈഡൽ പാർക്കിൽ ആരംഭിച്ചിട്ടുള്ള വികസന പദ്ധതി അടിമുടി അഴിമതിയെന്നും റവന്യുവകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് നിർമ്മാണപ്രവർത്തനം നടത്തുന്നതെന്നും അതിനാൽ ഇത് തടയണമെന്നും ആവശ്യപ്പെട്ട് രാജാറാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജ്ജിയുടെ അടിസ്ഥാനത്തിൽ കോടതി നിർമ്മാണ പ്രവർത്തനങ്ങൽ നിർത്തിവയ്ക്കാൻ ഉത്തരവായിരുന്നു. ഇക്കാര്യത്തിൽ രാജാറാം സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പ് സെക്രട്ടറിയും നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കിയിരുന്നു.

ഇതോടെ തുടങ്ങിവച്ച 12 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ബാങ്ക് അധികൃതർ നിർബന്ധിതരാവുകയായിരുന്നു.സിപിഎം നേതാവ് കെ വി ശശി പ്രസിഡന്റായുള്ള ഭരണസമിതിക്ക് ഇത് കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ച അമ്യൂസ്മെന്റ് പാർക്ക് സംരക്ഷണസമിതിയുടെ പേരിൽ സമ്മേളനം സംഘടിപ്പിച്ചത്. ഈ സമ്മേളനത്തിൽ എം എം മണി വിവാദ പരാമർശം നടത്തിയത്.

സൂര്യന് കീഴെയുള്ള എത് ശക്തി എതിർത്താലും ആരംഭിച്ചിട്ടുള്ള നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നായിരുന്നു എം എം മണിയുടെ പ്രഖ്യാപനം. നിർമ്മാണത്തിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ നിയമസഭാംഗം ഇത്തരത്തിൽ പ്രതികരിച്ചത് സത്യപ്രതിജ്ഞ ലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് രാജാറാം ആരോപിക്കുന്നത്.

ഹൈഡൽ പാർക്കിലെ നിർമ്മാണ പ്രവർത്തനങ്ങൽ മുടങ്ങിയത് സിപിഎമ്മിന് ഏറ്റ പ്രഹരമെന്ന നിലിയിലാണ് എതിർചേരിയുടെ പ്രചാരണം. കൂട്ടത്തിൽ റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലും ചൂടേറിയ വാതപ്രതിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ ഭാഗത്തുനിന്നും രാജാറാം നടത്തിവരുന്ന ഒറ്റപ്പെട്ട നീക്കമാണ് സർവ്വസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ ബാങ്ക് ഭരണസമിതിയുടെ നീക്കത്തിന് തടയിട്ടത്. 32 വർഷത്തോളമായി ടാറ്റായുടെ തേയിലത്തോട്ടത്തിലെ തൊഴിലാളിയാണ് രാജാറാം.

മൂന്നാറിലെ തോട്ടം തൊഴിലാളി മേഖലയിൽ സ്വാധീനമുള്ള ചുരൂക്കം ട്രേഡ്യൂണിയൻ നേതാക്കളിൽ ഒരാളാണ് രാജാറാം.ഒരു ഘട്ടത്തിൽ പാർട്ടി ദേവികുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ് രാജാറാമിന് തിരിച്ചടിയായത്.