കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യാത്രികയ്ക്ക് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശിനി അജില (32) ആണു മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്‌കൂട്ടറിലും, മറ്റൊരു കാറിലും, നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ കാറിടിച്ച് തെറിച്ചുവീണ അജിലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അജിലയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെറിച്ച് റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാർ കയറിയെന്നാണ് പൊലീസ് പറയുന്നത്.

കിളിമാനൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറിലിടിച്ചത്. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ മറുവശത്തുകൂടി വരികയായിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു.

അജിലയുടെ സ്‌കൂട്ടറിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ച വാഹനം, എതിരെ വന്ന മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് നിന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

കാർ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അജിലയെ വെഞ്ഞാറമ്മൂട്ടിലുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് ആറരയോടെ അഖിലയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്വകാര്യആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. വിമാനത്താവളത്തിൽ പോയി മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ സഞ്ചരിച്ചിരുന്നവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടില്ല.