കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.

വയനാട് തരുവണ സ്വദേശി ഉമറുൽ മുക്താർ (23) ആണ് പിടിയിലായത്. കൊടുവള്ളി സ്വദേശിയായ യുവതിയോട് ഇൻസ്റ്റഗ്രാമിൽ സൗഹൃദം സ്ഥാപിച്ച് ഒരു പവന്റെ സ്വർണാഭരണം തട്ടിയെടുത്ത് മുങ്ങിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.

പ്രണയം നടിച്ച് , വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുടെ സ്വർണാഭരണം കൈക്കലാക്കി മുങ്ങിയത്. തുടർന്ന് സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തുന്നയാളുകളെ കേന്ദ്രീകരിച്ച് കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നൽകിയില്ലെന്ന് പൊലീസ് അറിയിച്ചു. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.