ആലപ്പുഴ: സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ദമ്പതിമാർക്ക് ഗുരുതരപരിക്ക്. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയിൽ കരുമാടി കടത്തിൽപാലത്തിന് സമീപത്താണ് അപകടമുണ്ടായത്. സ്‌കൂട്ടർ യാത്രികരായ കുന്നുമ്മ മഹിളാലയത്തിൽ വേണുഗോപാൽ, ഭാര്യ മഹിളാമണി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റോഡിൽ വലതുവശത്തേക്ക് സൈഡ് തെറ്റിച്ച് എത്തിയ കാർ എതിരേ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇടത് വശത്തുകൂടി വരികയായിരുന്ന കാർ പെട്ടെന്ന് വലതുവശത്തേക്ക് നീങ്ങുന്നതും എതിരേ വന്ന സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുന്നതും സ്‌കൂട്ടറിലുണ്ടായിരുന്ന ദമ്പതിമാർ ഉയർന്നു തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

വേണുഗോപാലിന്റെ പരിക്കാണ് കൂടുതൽ ഗുരുതരമായിട്ടുള്ളത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധചികിത്സക്കായി ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. മഹിളാമണി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.