കൽപ്പറ്റ: വയനാട്ടിൽ ചികിത്സ ലഭിക്കാതെ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് നിർദ്ദേശം നൽകി. മെയ്‌ 15ന് കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

സംഭവത്തിൽ വീഴ്ച വരുത്തിയ മാനന്തവാടി മെഡിക്കൽ കോളേജിലെ താത്ക്കാലിക ഡോക്ടറെ പിരിച്ചു വിട്ടിരുന്നു. വെള്ളമുണ്ട ഫാമലി ഹെൽത്ത് സെന്ററിലെ രണ്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. കഴിഞ്ഞ മാർച്ച് 22 നാണ് വെള്ളമുണ്ട ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് വേണ്ട ചികിത്സ കിട്ടാതെ മരിച്ചത്.