തിരുവനന്തപുരം: എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. അങ്ങനെ ഒരു വിക്കറ്റ് കൂടി.... എന്ന് മാത്രമാണ് ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്. കുറിപ്പിന് താഴെ ആനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളെയും ചിലർ വിമർശിക്കുന്നുണ്ട്.

അതേസമയം ഇന്ന് ഉച്ചയോടെ ബിജെപി ദേശീയ ആസ്ഥാനത്തെത്തി, കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആന്റണി ബിജെപി ആസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവർ അനിലിനെ സ്വീകരിച്ചു.

കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ബിജെപി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടുണ്ടെന്ന് അനിൽ ആന്റണി പറഞ്ഞു.

ബിജെപി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. ഈ നയം കൃത്യമായി നടപ്പാക്കുന്നതിന് പ്രധാനമന്ത്രിയും പാർട്ടിയും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ ഭൂരിഭാഗംവരുന്ന യുവാക്കളുടെ പ്രതിനിധിയെന്ന നിലയിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾക്കൊപ്പം പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് കരുതുന്നതെന്നും അനിൽ വ്യക്തമാക്കി.

ബിജെപിയുടെ 44-ാം സ്ഥാപകദിവസത്തിൽ തന്നെ ഭാരതത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പാർട്ടി അവസരം നൽകി. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾക്കുവേണ്ടി പ്രവർത്തിക്കാൻ അനുവദിച്ച നേതൃത്വത്തിന് നന്ദി പറയുന്നതായും അനിൽ കൂട്ടിച്ചേർത്തു.