കൊച്ചി: കേരളത്തിൽ ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള കർണാടക മിൽക് മാർക്കറ്റിങ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തി മിൽമ. കർണാടക മിൽക് മാർക്കറ്റിങ് ഫെഡറേഷൻ കേരളത്തിൽ ഔട്ട്‌ലറ്റുകൾ തുടങ്ങിയതാണ് മിൽമയെ പ്രകോപിപ്പിച്ചത്. കർണാടക മിൽക് മാർക്കറ്റിങ് ഫെഡറേഷന് കീഴിലുള്ള നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുൽപ്പന്നങ്ങളും വിൽക്കാൻ ഔട്ലെറ്റുകൾ തുടങ്ങിയിരുന്നു.

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെങ്കിൽ കർണാടകയിൽ നിന്ന് പാൽ വാങ്ങുന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുള്ളതായി മിൽമ ചെയർമാൻ എം.എസ്. മണി പറയുന്നു. കർഷകരെ അണിനിരത്തി ഈ നീക്കം ചെറുക്കുന്ന കാര്യവും മിൽമയുടെ പരിഗണനയിലുണ്ട്. കർണാടകയെ എതിർപ്പ് അറിയിച്ച് മിൽമ കേന്ദ്ര ക്ഷീര വികസന ബോർഡിലും പരാതി നൽകി.

ഉൽപ്പാദന ചെലവ് കുറവായതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാലുൽപ്പാദക സംഘങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് പാൽ വിൽക്കാൻ സാധിക്കും. നന്ദിനി ഉൾപ്പെടെയുള്ള പാൽ ഉത്പാദക സംഘങ്ങൾ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറന്നാൽ മിൽമയുടെ ആകെ വരുമാനത്തെ ബാധിക്കും. അത് വിപണിയിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് മിൽമയുടെ ആശങ്ക. മിൽമയുടെ ലാഭത്തിന്റെ ഗണ്യമായ പങ്കും മൂല്യ വർധിത ഉൽപ്പന്നങ്ങളിലൂടെയാണ് ലഭിക്കുന്നത്.

നേരത്തെ കർണാടകയിൽ പാൽവിൽപന തുടങ്ങാൻ ഗുജറാത്തിലെ അമുൽ നീക്കം നടത്തിയപ്പോൾ കർണാടക മിൽക് മാർക്കറ്റിങ് ഫെഡറേഷൻ എതിർപ്പുയർത്തിയിരുന്നു. എന്നാൽ അതേ ഫെഡറേഷൻ കേരള വിപണിയിൽ നേരിട്ട് പാൽ വിൽക്കാൻ എത്തുന്നതിന്റെ ന്യായമെന്താണ് മിൽമയുടെ ചോദ്യം.

അമുൽ ഉത്പന്നങ്ങൾ കർണാടകത്തിലേക്ക് വിപണനത്തിന് എത്തിക്കുന്നത് ബിജെപിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനത്തെ കർണാടകയിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു.