റിയാദ്: നാട്ടിലേക്ക് മടങ്ങാനിരുന്ന ദിസവം പ്രവാസി മലയാളിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസൺ (56) ആണ് റിയാദ് മൻഫുഅയിലെ താമസസ്ഥലത്ത് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 11-ന് സൗദി എയർലൈൻസ് വിമാനത്തിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്നതാണ്. അന്ന് രാവിലെ സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്.

പ്രമേഹരോഗ ബാധിതനായ പോൾസൺ അവധിക്ക് നാട്ടിൽ പോയിട്ട് 10 ദിവസം മുമ്പാണ് റിയാദിൽ തിരിച്ചെത്തിയത്. എന്നാൽ രോഗം മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സക്കായി വീണ്ടും നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. റിയാദിലെ നവോദയ കലാസാംസ്‌കാരിക വേദി മൻഫുഅ യൂനിറ്റംഗമാണ് പോൾസൺ. യുനിറ്റ് അംഗങ്ങളാണ് റൂമിലെത്തി മരിച്ചതായി കണ്ടെത്തിയത്. ഉടൻ പൊലീസിന്റെ സഹായത്തോടെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

26 വർഷമായി റിയാദിലുള്ള പോൾസൺ മൂസ നാഇയയിലെ ഒരു പ്രിന്റിങ് പ്രസിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - റൂബി, മക്കൾ - അയോണ, അലന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ബാബുജി കടയ്ക്കലിന്റെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.