കൊച്ചി: മതിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ ഫോണിലൂടെ കടം പറഞ്ഞെടുത്ത ലോട്ടറിക്ക് 70 ലക്ഷം രൂപയുടെ സമ്മാനം. ലോട്ടറി വിൽപ്പനക്കാരനായ ഷിജുവിൽ നിന്നും 40 രൂപയുടെ കടം പറഞ്ഞു വാങ്ങിയ കേരള ലോട്ടറി നിർമൽ (എൻപി 205122) എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ബുള്ളറ്റ് ടാങ്കർ ഡ്രൈവറായ തെങ്കാശി സ്വദേശി ചിന്ന ദുരൈയെയാണ് ഭാഗ്യദേവതയും ലോട്ടറി വിൽപ്പനക്കാരന്റെ സത്യസന്ധതയും കടാക്ഷിച്ചത്.

ആഴ്ചയിൽ അഞ്ചു ദിവസവും ലോട്ടറി എടുക്കാറുള്ള ആളാണ് ചിന്ന ദുരൈ. കരിമുകളിൽ നിന്നു ലോട്ടറി എടുക്കാറുള്ള ചിന്ന ദുരൈ വെള്ളിയാഴ്ച രാവിലെ ലോട്ടറി വിൽപനക്കാരൻ ഷിജുവിനെ വിളിച്ച് ടിക്കറ്റുകൾ ഏതൊക്കെ ഉണ്ടെന്നു ചോദിച്ചു. 5122 അവസാനിക്കുന്ന നാലു ടിക്കറ്റുകളും കൂടാതെ എട്ടു ടിക്കറ്റുമെടുത്തു. വൈകിട്ട് ഫലം വന്നയുടൻ സമ്മാന വിവരം ഫോണിൽ വിളിച്ചു അറിയിച്ചു.

ജോലി കഴിഞ്ഞ് രാത്രി 9ന് എത്തിയ ചിന്ന ദുരൈയ്ക്ക് ലോറി പാർക്കിങ് സ്ഥലമായ അമ്പലമുകളിൽ എത്തി കരിമുകൾ കാവിലമ്മ ലക്കി സെന്റർ ഉടമ ധനേഷ് ചന്ദ്രനും വിൽപനക്കാരൻ മോറയ്ക്കാല പള്ളിമോളത്ത് പി.വി.ഷിജുവും ചേർന്നു സമ്മാനാർഹമായ ടിക്കറ്റ് കൈമാറി. ലോട്ടറിയുടെ തുകയായ 40 രൂപയും കൈപ്പറ്റി. സമ്മാനം ലഭിച്ച കാര്യം മറച്ചു വയ്ക്കാതെ ഉടൻ തന്നെ ചിന്ന ദുരൈയ്ക്ക് ടിക്കറ്റ് കൈമാറിയ ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്.