കൽപറ്റ: വയനാട് കൽപറ്റയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ പതിനഞ്ച് പേര് അടക്കം 22 പേർക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയർസ്റ്റേഷനു സമീപത്തെ മുസല്ല എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഹോട്ടൽ നഗരസഭ അടപ്പിച്ചു.

പരിശോധനയിൽ ഹോട്ടലിൽ നിന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പിടികൂടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ഇവർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിൽ ഒരു കുടുംബത്തിൽ നിന്നുള്ള പതിനഞ്ച് പേരുണ്ട്. ഏഴു പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്.

ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യവിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി. ഇറച്ചിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു..