കൊച്ചി. ഹൈഡ്രോഗ്രഫി ദിനം ആഘോഷിച്ചു നാവികസേന. ദക്ഷിണ നാവിക കമാൻഡിന് കീഴിൽ നാവികസേനയുടെ ഹൈഡ്രോഗ്രഫിക് സർവേ കപ്പലുകളായ ഐഎൻഎസ് ജമുന, ഐഎൻഎസ് ഇൻവെസ്റ്റിഗേറ്റർ, ഐഎൻഎസ് സർവ്വേക്ഷക് എന്നിവയിൽ നടന്ന ലോക ഹൈഡ്രോഗ്രഫി ദിന പരിപാടികളിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയായെത്തി. ഇൻവെസ്റ്റിഗേറ്ററിൽ നടന്ന ഹൈഡ്രോഗ്രഫി പ്രദർശനം വീക്ഷിച്ച മന്ത്രി സമുദ്ര പര്യടനത്തിൽ അവിഭാജ്യ ഘടകമായ നാവിഗേഷനൽ ചാർട്ടുകളുടെ പ്രകാശനവും നിർവഹിച്ചു.

രാത്രി 8ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ ദക്ഷിണ നാവിക കമാൻഡ് ചീഫ് സ്റ്റാഫ് ഓഫിസർ ട്രെയിനിങ് റിയർ അഡ്‌മിറൽ ഉപ്പൽ കുണ്ടു ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു.

നാവികസേന മേധാവി അഡ്‌മിറൽ ആർ.ഹരികുമാർ, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്‌മിറൽ ജസ്വീന്തർ സിങ്, ഐഎൻഎസ് സത്‌ലജ് കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ എ.മുരളീധർ, ചീഫ് ഹൈഡ്രോഗ്രഫർ ഓഫ് ഇന്ത്യ വൈസ് അഡ്‌മിറൽ അദീപ് അറോറ എന്നിവർ പ്രസംഗിച്ചു.

രാജ്യം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ ഡെക്കിൽ ഇന്നു രാവിലെ 6ന് മന്ത്രി ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായി നാവികർക്കൊപ്പം യോഗാഭ്യാസങ്ങളിൽ പങ്കെടുക്കും. തുടർന്ന് 10ന് നാവികസേന ആസ്ഥാനത്തെ പുതിയ ഷിപ്പ് ഹാൻഡ്ലിങ് സിമുലേറ്റർ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 11.30ന് ഡൽഹിയിലേക്കു മടങ്ങും.