തൃത്താല: കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെപ്പോൾ നൽകാതിരുന്നതിന് യുവാക്കൾപമ്പ് ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ഞാങ്ങാട്ടിരിയിലെ സ്‌കൈ വേയ്‌സ് പമ്പിലാണ് സംഭവം. പരിക്കേറ്റ ജീവനക്കാരായ ഹാഷിഫ് (28), പ്രസാദ് (28) എന്നിവരെ പട്ടാമ്പിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും തലയ്ക്കും ശരീരത്തിനും പരിക്കുണ്ട്.

ബൈക്കിലെത്തിയ സംഘം കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടപ്പോൾ അത് നൽകാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബൈക്കിൽനിന്നിറങ്ങിയ യുവാക്കൾ കൈയിലുണ്ടായിരുന്ന വടിയും ആയുധങ്ങളുമുപയോഗിച്ച് ജീവനക്കാരെ നേരിടുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ജീവനക്കാരെ ആക്രമിച്ചശേഷം പമ്പിന് തീവെക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികൾ പറയുന്നു.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എസ്‌ഐ. സുരേഷിന്റെ നേതൃത്വത്തിൽ തൃത്താല പൊലീസ് സ്ഥലത്തെത്തിയെങ്കിലും അതിനുമുൻപേ ചെറുപ്പക്കാർ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് പെട്രോൾ പമ്പ് അടച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.