കണ്ണൂർ: കണ്ണൂരിലും കോഴിക്കോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അവധി മൂലം നഷ്ടപ്പെട്ടന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ അറിയിച്ചു. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. വ്യാഴാഴ്ച നടത്താനിരുന്ന സർവകലാശാല, പി എസ്സി പരീക്ഷകൾക്ക് മാറ്റമില്ല.

കോഴിക്കോട് ജില്ലയിൽ തീവ്ര മഴയുള്ളതിനാലും വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (06-07-2023) അവധി പ്രഖ്യാപിക്കുന്നുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂരിൽ രണ്ടു ദിവസമായി തുടരുന്ന പേമാരി കനത്തനാശമാണ് വിതയ്ക്കുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ കനത്ത നാശനഷ്ടമാണ് മഴയും ചുഴലിക്കാറ്റും വരുത്തിവെച്ചത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തണൽമരങ്ങൾ കടപുഴകി വീണു യാത്രക്കാർക്ക് പരുക്കേറ്റു. ബുധനാഴ്‌ച്ച രാവിലെ മുതൽ കോരിച്ചൊരിഞ്ഞു പെയ്ത മഴയിൽ സംസ്ഥാനത്താദ്യമായി ഇക്കുറി കാലവർഷത്തിൽ ഒരാൾ കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണു മരിച്ചു. കണ്ണൂർ സിറ്റിനാലുവയലിലാണ് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചത്. നാലുവയലിലെ താഴത്ത് ഹൗസിൽ ബഷീറാ(50)ണ് ബുധനാഴ്‌ച്ച ഉച്ചയോടെ മരിച്ചത്.വീടിനു മുൻപിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.