ഹരിപ്പാട്: കാപ്പ നിയമ പ്രകാരം നാടുകടത്തിയ പ്രതി നാട്ടിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ലംഘിച്ച് മടങ്ങിയെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് നാല് കെട്ടും കവല കോളനിയിൽ പ്രേംജിത്തിനെയാണ് (28) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പ്രേംജിത്തിനെതിരെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പൊലീസ് കാപ്പ ചുമത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഇയാൾ ഹരിപ്പാടും പരിസര പ്രദേശങ്ങളിലും എത്താറുണ്ടായിരുന്നു.

ഇവിടങ്ങളിൽ ഒളിച്ചു താമസിക്കുന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ കുറത്തിയാട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പ്രേംജിത്തും സുഹൃത്തുക്കളും കുറത്തിയാട്ടുള്ള ഓഡിറ്റോറിയത്തിന് സമീപം നിൽക്കുമ്പോൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്‌പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് ഐ.എസ്.എച്ച്.ഒ വി എസ് ശ്യാം കുമാർ, എസ്‌ഐമാരായ ശ്രീകുമാർ, ഷൈജ, സി.പി.ഒമാരായ നിഷാദ്, സോനു,വിഷ്ണു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ വർഷം ഹരിപ്പാട് സ്റ്റേഷൻ പരിധിയിൽ അഞ്ചു പേർക്കാണ് കാപ്പ ചുമത്തിയിരിക്കുന്നത്.