നാദാപുരം: കോഴിക്കോട് നാദാപുരത്ത് വ്യാപാരിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പത്തിന് വാണിമേൽ പരപ്പുപാറയിൽ കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ കണ്ണൂർ സ്വദേശികളായ യുവാക്കളാണ് എറണാകളത്തു നിന്നും അറസ്റ്റിലായത്. അഞ്ചരക്കണ്ടി സ്വദേശി തുമ്പത്ത് വീട്ടിൽ നിധീഷ് (33), കാര പേരാവൂരിലെ ചിരുകണ്ടോത്ത് വി.നിധീഷ് (28), മാമ്പയിൽ രാഹുൽ നിവാസിൽ എ.രാഹുൽ (28), ശങ്കരനെല്ലൂരിലെ ശ്രീരാച്ചിയിൽ രാജ് കിരൺ (24) എന്നിവരെ കടവന്ത്രയിൽ വച്ചാണ് വളയം പൊലീസ് പിടികൂടിയത്.

അറസ്റ്റിലായ നാലു പേരും ക്വട്ടേഷൻ സംഘാംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. നാലു പേരെയും മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്തു. ജൂലൈ പത്താം തിയതി പുലർച്ചെയാണ് കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ നാൽവർ സംഘം ബോംബെറിഞ്ഞത്. പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ചു വിവരം ലഭിക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെ തുടർന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ക്വട്ടേഷനാണെന്നാണ് വിവരം.

കുഞ്ഞാലി ഹാജിയുമായി വ്യാപാര സംബന്ധമായ തർക്കമുള്ളവരിൽ ചിലരാണ് ബോംബെറിയാൻ ക്വട്ടേഷൻ നൽകിയതെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും ക്വട്ടേഷൻ സംഘത്തെയും ബന്ധിപ്പിക്കുകയും സഹായികളായി പ്രവർത്തിക്കുകയും ചെയ്ത തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻകുന്നത്ത് വരിക്കോളി ഷിധിൻ (28), കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ഫായിസ് (24) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്.