തൃശ്ശൂർ: മദ്യപിച്ച് ആംബുലൻസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ആംബുലൻസ് ഡ്രൈവർ കെ.ടി. റനീഷാണ് പിടിയിലായത്. പാലിയേക്കര ടോളിന് സമീപം ശനിയാഴ്ച രാത്രി വൈകി നടന്ന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. മദ്യപിച്ചതായി പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്ന് ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തൃശ്ശൂരിൽനിന്ന് ചാലക്കുടിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ടോൾ കടന്നുവന്നിരുന്ന ആംബുലൻസിന്റെ ഡ്രൈവർ വാഹനപരിശോധന കണ്ടതോടെ മുകളിലത്തെ ഫ്‌ളാഷ്ലൈറ്റ് ഓണാക്കി വേഗം കൂട്ടി. ഇതുകണ്ട് സംശയം തോന്നിയതോടെ എം വിഐ. സി.എസ്. വിതിൻ. എ.എം വിഐ.മാരായ അരുൺ ആർ. സുരേന്ദ്, കെ.ജെ. വിപിൻ എന്നിവരടങ്ങിയ സംഘം വാഹനം നിർത്തി പരിശോധിക്കുകയായിരുന്നു.

അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് പോലുള്ള വാഹനങ്ങൾ മദ്യപിച്ച് ഓടിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. വി.ടി. മധു അറിയിച്ചു.