വിഴിഞ്ഞം: പൊലീസ് കൈ കാണിച്ചിട്ട് നിർത്താതെ വേഗത്തിൽ പായ ബൈക്ക് നിയന്ത്രണം വിട്ട് ഓടയിൽ വീണു. യാത്രികരായ യുവാക്കൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വാഹന പരിശോധനയ്ക്കിടെ ഇന്നലെ വൈകിട്ട് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി പീച്ചോട്ടുകോണം സർവീസ് റോഡിനു സമീപമാണ് സംഭവം. വിഴിഞ്ഞം പൊലീസ് കല്ലുവെട്ടാൻ കുഴി ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോൾ മുൻ വശത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെ വന്ന ബൈക്കിനെ കൈ കാണിച്ചെങ്കിലും നിർത്തിയില്ല. വേഗം കൂട്ടി കയറ്റിറക്ക ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഓടയിൽ മറിയുകയായിരുന്നു. വാഹന താക്കോൽ എടുത്ത ശേഷം യുവാക്കൾ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തി കരയ്ക്കു കയറ്റിയ ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി.