കൊട്ടിയൂർ: കൊട്ടിയൂരിലെ അംഗൻവാടിയിലെ അടുക്കള മുറിയിൽ രാജവെമ്പാലയെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കൊട്ടിയൂർ പഞ്ചായത്തിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയുടെ അടുക്കളയിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ അംഗൻവാടി ഹെൽപ്പറാണ് രാജവെമ്പാലയെ കാണുന്നത്.

അടുക്കളയിലെ പാൽ പാത്രത്തിന് സമീപത്താണ് ചുരുണ്ടു കൂടിയ നിലയിൽ പാമ്പ് ഉണ്ടായിരുന്നത്. ഇതേ തുടർന്ന് റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസൽ വിളക്കോട്, ബിനോയ് കൂമ്പൂങ്കൽ, തോമസ് കൊട്ടിയൂർ, റോയ് എന്നിവരെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഇതിനെ പിന്നീട് ഉൾവനത്തിൽ വിട്ടയച്ചു.

മഴ കാരണം അംഗൻവാടിയിലെത്തിയ കുട്ടികളെ കുറച്ച് നേരത്തെ വിട്ടിരുന്നതായി ഹെൽപ്പർ പറഞ്ഞു. കുട്ടികളെ കളിപ്പിക്കുന്നതും ഉറക്കുന്നതിനുമായുള്ള മുറിയുടെ തൊട്ടടുത്തുള്ള അടുക്കളയിൽ പാമ്പ് കയറി എന്നത് വളരെ ഗൗരവമായാണ് രക്ഷിതാക്കൾ കാണുന്നത്. തുറന്നിട്ട അടുക്കള വാതിലിന് പുറത്ത് വനപ്രദേശമാണ് ഇതിലൂടെയാണ് രാജവെമ്പാല കടന്നുവന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സാമൂഹിക ക്ഷേമ വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്.