തൃശൂർ: ചാലക്കുടി കണ്ണൻകുഴിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പ്രതി പിടിയിൽ. പരിശോധനയ്ക്ക് എത്തിയ പൊലീസിനെ തടഞ്ഞുവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ 25 പേർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കൂടുതൽ വിലയ്ക്ക് വിൽക്കുകയായിരുന്നു പ്രതി ശിവദാസ്. ഇയാളെ പിടിക്കാനാണ് പരിസരവാസികളുടെ പരാതി പ്രകാരം പൊലീസ് സാധാരണ വേഷത്തിലെത്തിയത്. എന്നാൽ പൊലീസ് പിടികൂടുന്നതിനിടെ ഇയാൾ മദ്യകുപ്പികൾ കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇതോടൊപ്പം മൽപ്പിടുത്തവുമുണ്ടായതോടെ പൊലീസുകാർക്ക് മർദ്ദനം ഏൽക്കുകയുമായിരുന്നു.

ശിവദാസിനെ പിടികൂടുന്നത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന നിരവധി ആളുകൾ ഓടിവരുകയും ശിവദാസനെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ തടഞ്ഞു വെച്ച് ആളുകൾ ബഹളം വച്ചു. ശിവദാസനെ കയറ്റിയ ജീപ്പിന്റെ മുന്നിൽ കിടന്ന് ഇവർ പ്രകോപനം സൃഷ്ടിച്ചു. തുടർന്ന് രംഗം വഷളായതോടെ വെള്ളിക്കുളങ്ങരയിൽ നിന്നും കൂടുതൽ പൊലീസ് സംഭവ സ്ഥലത്തെത്തിയതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. രാത്രി തന്നെ ശിവദാസനെ സ്റ്റേഷനിലെത്തിച്ചു.