തിരുവനന്തപുരം: സോളാർ വിവാദം കലാപമാക്കണമെന്ന് യുഡിഎഫിലെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ ആഗ്രഹിച്ചിരുന്നുവെന്ന വിവാദ ദല്ലാൾ ടി.ജി. നന്ദകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുഡിഎഫ് മുൻ ആഭ്യന്തരമന്ത്രിമാർ എന്ന പരാമർശത്തിൽ ഒന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നത്തിന് ഇടയ്ക്ക് നിസാരകാര്യം പറയാൻ ഉദ്ദേശിക്കുന്നില്ല. തങ്ങൾ എന്താണെന്ന് ജനങ്ങൾക്കറിയാമെന്നും തിരുവഞ്ചൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ, രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു. മൂന്നുപേർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതോടെയാണ് ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തത്.

യുഡിഎഫിലെ രണ്ട് ആഭ്യന്തരമന്ത്രിമാർ കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചു. ഇതിനായി അവരുടെ ആളുകൾ തന്നെ സമീപിച്ചിരുന്നുവെന്നും അവർ കത്ത് വി എസ്. അച്യുതാനന്ദനെ ഏൽപ്പിക്കണമെന്ന കാര്യം പറഞ്ഞുവെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. സോളാർ കേസ് കാലഘട്ടത്തിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു.