അതിരപ്പിള്ളി: കാട്ടുപോത്ത് കുറുകെ ചാടിയതിനെത്തുടർന്ന് വെട്ടിച്ച കെഎസ്ആർടിസി ബസ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മലക്കപ്പാറയിൽ നിന്ന് ഇന്നലെ രാവിലെ ചാലക്കുടിക്കു പുറപ്പെട്ട ബസ് ഷോളയാറിലെത്തിയപ്പോഴാണ് സംഭവം. ബസ് റോഡിൽ നിന്നും തെന്നിമാറാതെ നിന്നതിനാൽ അപകടം ഒഴിവായി. കാട്ടിൽ നിന്നു റോഡിനു കുറുകെ വാഹനത്തിനു മുന്നിലൂടെ ഓടിയ കാട്ടുപോത്തിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ ബസിൽ മുളങ്കമ്പ് കൊണ്ടു ചില്ലു തകർന്നു.

ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. ബസിൽ 20 യാത്രക്കാരുണ്ടായിരുന്നു. പുളിയിലപ്പാറ മുതൽ മലക്കപ്പാറ വരെയുള്ള റോഡിന്റെ വശങ്ങളിൽ കാടു വളർന്നു നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ഇടുങ്ങിയ റോഡും നീണ്ടു നിൽക്കുന്ന മരച്ചില്ലകളും കാരണം ഇതുവഴി വാഹനമോടിക്കുന്നതു പ്രയാസകരമാണ്. അപ്രതീക്ഷിതമായി വന്യമൃഗങ്ങൾ റോഡുമുറിച്ചു കടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി പറയുന്നു. റോഡിന് ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കാടുകൾ നീക്കംചെയ്താൽ അപകടങ്ങൾ ഒരുപരിധി വരെ കുറയുമെന്നാണ് ബസ് ജീവനക്കാരും വിനോദ സഞ്ചാരികളും നൽകുന്ന സൂചന.