കൊച്ചി: അതിജീവിതയെ വിവാഹം കഴിച്ചതിനെത്തുടർന്ന് യുവാവിന്റെ പേരിലുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. പ്ലസ്ടു വിദ്യാർത്ഥിനി പീഡനത്തിനിരയായ കേസിലെ തുടർ നടപടികളാണ് റദ്ദാക്കിയത്. 2021-ൽ കൊല്ലം പത്തനാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് റദ്ദാക്കിയത്.

പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കെ 2019 മുതൽ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതേത്തുടർന്ന് പൊലീസ് പോക്‌സോ വകുപ്പ് അടക്കം ചുമത്തി കേസെടുത്ത് പുനലൂർ പോക്‌സോ കോടതിയിൽ അന്തിമ റിപ്പോർട്ടും ഫയൽ ചെയ്തു. കേസ് നിലനിൽക്കെ കഴിഞ്ഞ ജൂൺ അഞ്ചിന് പ്രതിയും യുവതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഇക്കാര്യമടക്കം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
തുടർന്നാണ് പുനലൂർ പോക്‌സോ കോടതിയിലെ തുടർനടപടികൾ റദ്ദാക്കിയത്.

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഇരയ്ക്ക് പ്രായപൂർത്തിയായിരുന്നു എന്നതടക്കമുള്ള വാദവും ഹർജിയിൽ ഉന്നയിച്ചു. സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കി. പ്രോസിക്യൂഷനും ഇക്കാര്യം ശരിവെച്ചു. ഇരുവരും ഭാര്യഭർത്താക്കാന്മാരായി ജീവിക്കുന്ന സാഹചര്യത്തിൽ കേസ് തുടരുന്നത് ഒരു ഗുണവും ചെയ്യില്ലെന്ന് കോടതി വിലയിരുത്തി.