കണ്ണൂർ: കേന്ദ്ര ഏജൻസികൾ സഹകരണ ബാങ്കുകളിൽ വ്യാപകമായി അന്വേഷണം നടത്തുന്നത് ആ മേഖലയെ തളർത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഹകരണ മേഖലിലെ പ്രതിസന്ധി സംബന്ധിച്ച് യുഡിഎഫിലെ സഹകാരികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കണ്ണൂരിൽ വിശദീകരിച്ചു.

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുന്നതിനാവശ്യമായ നടപടി സർക്കാർ എടുക്കുന്നില്ല. നിക്ഷേപകർ കരഞ്ഞു നടക്കുകയാണ്. അഴിമതിയോട് സഹകരിക്കാനോ അതിനെ ന്യായീകരിക്കാനോ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'സഹകരണ മേഖലക്ക് വരുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ആലോചിക്കാനാണ് നാലാം തിയതി യുഡിഎഫ് യോഗം വിളിച്ചിരിക്കുന്നത്.

കേന്ദ്ര ഏജൻസികൾ വ്യാപകമായി ഇങ്ങനെ അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറുമെന്ന അഭിപ്രായമുണ്ട്' കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന് മൂന്നാമതൊരു ലോക്സഭാ സീറ്റ് ആവശ്യപ്പെടാനുള്ള എല്ലാ അർഹതയുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.