തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) നെയാണ് 4.5ഗ്രാം എംഡിഎംഎയുമായി ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്.

ടെലഗ്രാം ആപ്പ് ഉപയോഗിച്ചായിരുന്നു ലഹരി വില്പന നടത്തിയിരുന്നത്. സ്വന്തം അക്കൗണ്ട് വഴി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയിരുന്നത്. മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ അരച്ച് ചേർത്തിരുന്നുന്നെന്നും പ്രതി മൊഴി നൽകി.

ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോയി അടിച്ചുപൊളിക്കാനാണ് എം.ഡി.എം.എ. വിൽപ്പന നടത്തുന്നതെന്നാണ് അഭിരാഗ് എക്സൈസിന് നൽകിയ മൊഴി. ട്രിപ്പ് പോകാനും അടിച്ചുപൊളിക്കാനുമുള്ള പണത്തിനായാണ് ലഹരിക്കച്ചവടം നടത്തുന്നത്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ട്രിപ്പ് പോയി തിരികെവരുമ്പോൾ അവിടെനിന്ന് മയക്കുമരുന്ന് കൊണ്ടുവരും. തുടർന്ന് ഇത് നാട്ടിൽ ചില്ലറ വിൽപ്പന നടത്താറാണ് പതിവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

വല്ലച്ചിറയിലെ വിഷ്ണു എന്നയാളുടെ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നതായി എക്സൈസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിലാണ് എം.ഡി.എം.എ.യുമായി അഭിരാഗ് പിടിയിലായത്. കേസിൽ ഇയാളുടെ കൂട്ടുപ്രതിയായ വിഷ്ണുവിനായി തിരച്ചിൽ തുടരുകയാണ്.