തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മഴ ഒന്ന് ശമിച്ചെങ്കിലും പല പ്രദേശങ്ങളിലും സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്ന അറിയിപ്പ് നിലവിലിരിക്കെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.