കൊല്ലം: കരുനാഗപ്പള്ളിയിൽ നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ഓച്ചിറ സ്വദേശി ഗോകിൽ ഗോപാലിനെയാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. എംഡിഎംഎ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്ന് കണ്ടെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ എബിമോൻ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ അഖിൽ, എസ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം പുത്തൻതോപ്പിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാളെ പിടികൂടിയതായും എക്സൈസ് അറിയിച്ചു. കഠിനംകുളം സ്വദേശി സ്റ്റാലിൻ എന്ന് വിളിക്കുന്ന രതീഷിനെയാണ് 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ റജികുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അൽത്താഫ്, ബിനു, എക്സൈസ് ഡ്രൈവർ ഷെറിൻ എന്നിവരാണ് പങ്കെടുത്തത്.