ചേർത്തല: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് കാറിലിടിച്ച് നിയന്ത്രണം വിട്ട് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ചേർത്തല - തണ്ണീർമുക്കം റോഡിൽ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ജംക്ഷന് സമീപത്തുവച്ച് കാറുമായി കൂട്ടിമുട്ടുകയായിരുന്നു.

നിയന്ത്രണം വിട്ട ആംബുലൻസ് ചേർത്തല നഗരസഭ 10-ാം വാർഡിൽ മുല്ലപ്പള്ളി കളത്തിൽ തോമസുകുട്ടി (55) സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തോമസുകുട്ടി തെറിച്ചുവീണു പരുക്കേറ്റതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായ രോഗിയെ തിരിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിന്റെയും കാറിന്റെയും മുൻഭാഗം തകർന്നു.