തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാലത്തോടനുബന്ധിച്ച് തിരക്ക് പരിഹരിക്കുന്നതിന് റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ അനുവദിച്ചു. നർസാപൂർ -കോട്ടയം, കോട്ടയം-നർസാപൂർ, സെക്കന്ദരാബാദ് -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ് എന്നീ റൂട്ടുകളിൽ നാല് ശബരി സ്‌പെഷൽ ട്രെയിനുകളാണ് ഓടുക.

ഞായറാഴ്ച വൈകീട്ട് 3.50നു പുറപ്പെടുന്ന നർസാപൂർ-കോട്ടയം സ്‌പെഷൽ ട്രെയിൻ (07119 ) അടുത്ത ദിവസം വൈകീട്ട് 4.50നു കോട്ടയത്തെത്തും. 20നു വൈകീട്ട് ഏഴിന് പുറപ്പെടുന്ന കോട്ടയം-നർസാപൂർ സ്‌പെഷൽ (07120) അടുത്ത ദിവസം രാത്രി ഒമ്പതിന് നർസാപൂരിലും. രണ്ട് എ.സി ഫസ്റ്റ് ക്ലാസ്, രണ്ട് എ.സി ടു ടിയർ, രണ്ട് എ.സി ത്രീ ടിയർ, 12 സ്ലീപ്പർ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയുള്ള ട്രെയിനിന് പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിങ്ങനെയാണ് കേരളത്തിലെ സ്‌റ്റോപ്പുകൾ.

സെക്കന്ദരാബാദിൽനിന്ന് ഞായറാഴ്ച ഉച്ചക്ക് 2.40ന് പുറപ്പെടുന്ന സെക്കന്ദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ (07121) അടുത്ത ദിവസം രാത്രി 11.55നു കൊല്ലത്തെത്തും. 21നു പുലർച്ച 2.30നു കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-സെക്കന്ദരാബാദ് (07122) സ്‌പെഷൽ അടുത്ത ദിവസം രാവിലെ 10ന് സെക്കന്ദരാബാദിലെത്തും. ഒരു എ.സി ഫസ്റ്റ്ക്ലാസ്, മൂന്ന് എ.സി ടു ടിയർ, രണ്ട് എ.സി ത്രീ ടിയർ, 11, സ്ലീപ്പർ, രണ്ട് ജനറൽ എന്നീ കോച്ചുകളുള്ള ട്രെയിനിന് പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പുകൾ.