കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി സിപിഎം. ഡിസംബർ ആറിന് കണ്ണൂരിൽ നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യറാലിയിലെക്ക് മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നേരത്തെ ക്ഷണിച്ചിട്ടും അവർ വന്നില്ല. വരാൻ ക്ഷണിച്ചാലും മുടക്കാൻ ആളുണ്ട്.

എന്നാൽ മുസ്ലിം ലീഗ് പാർട്ടിയിലെ പ്രവർത്തകരെ ക്ഷണിച്ചിട്ടുണ്ട്. സമസ്തയടക്കമുള്ള സമുദായ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ജയരാജൻ പറഞ്ഞു. ഫലസ്തീൻ ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റാലി ഡിസംബർ ആറിന്ന് വൈകു. 4.30ന് കണ്ണൂർ കലക്ടറേറ്റ് മൈതാനത്താണ് സംഘടിപ്പിക്കുന്നത് വൈകുന്നേരം. നാലുമണിക്ക് ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നും പ്രകടനം ആരംഭിക്കും. പ്രകടനത്തിലും റാലിയിലും എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് എം.വി ജയരാജൻ അഭ്യർത്ഥിച്ചു.

ഡിസംബർ 2-3 തീയതികളിൽ 'നിർത്തുക ഈ യുദ്ധം' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് 236 കേന്ദ്രങ്ങളിൽ കുട്ടികളുടെ യുദ്ധവിരുദ്ധ റാലിയും ഫലസ്തീനിയൻ അധിനിവേശത്തെയും ജനജീവിതത്തെയും തുറന്ന് കാട്ടുന്നതുമായ സിനിമകളും ഡിസംബർ നാലിന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തെരുവോര ചിത്രപ്രദർശന പരിപാടിയും നടത്തും. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ഏകപക്ഷീയ യുദ്ധത്തിൽ ഫലസ്തീനിലെ നിരപരാധികളാണ് കൊല്ലപ്പെടുന്നത്.

കൊല്ലപ്പെട്ടവരിൽ മൂന്നിലൊന്നും കുട്ടികളാണ്. യുദ്ധമാരംഭിച്ചിട്ട് 56 ദിവസങ്ങൾ പിന്നിട്ടു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും വെസ്റ്റ്ബാങ്കിലും ഗസ്സയിലും ഇസ്രയേൽ സേന അക്രമം നടത്തുകയുണ്ടായി. ഗസ്സയിലെ ആശുപത്രികൾ പോലും ബോംബിട്ടു തകർക്കുകയാണ് ചെയ്തത്. ജറുസലേം തലസ്ഥാനമായി ഫലസ്തീൻ എന്ന രാജ്യത്തെ ഐക്യരാഷ്ട്ര സംഘടനയിൽ മഹാഭൂരിപക്ഷം ലോകരാജ്യങ്ങളും അംഗീകരിച്ചതാണ്. സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ ഭൂപ്രദേശം കൈയേറി ജനങ്ങളെ കൊന്നൊടുക്കി രാജ്യം കൈവശപ്പെടുത്താനാണ് ഇസ്രയേലിന്റെ ശ്രമം.

അമേരിക്കയെപോലെ തന്നെ ഇന്ത്യയും ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെയും ഭീകരപ്രവർത്തനത്തെയും ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സയണിസ്റ്റുകളുടെയും ഹിന്ദുത്വവാദികളുടെയും ആശയങ്ങളും പ്രവർത്തനങ്ങളും സമാനതകളുള്ളതാണ്. അതുകൊണ്ടാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം സ്വീകരിച്ച ഫലസ്തീൻ അനുകൂല നിലപാട് ബിജെപി സർക്കാർ മാറ്റിമറിച്ചത്.

ലോകമാകെ പ്രതിഷേധമുയർന്നുവന്നിട്ടും യുദ്ധത്തിൽ നിന്ന് പിന്തിരിയാനോ ആക്രമണം ശാശ്വതമായി അവസാനിപ്പിക്കാനോ ഇസ്രയേൽ തയ്യാറാകാത്തത് അപലപനീയമാണ്. കണ്ണൂരിലെ ഫലസ്തീൻ ഐക്യദാർഢ്യറാലി സിപിഎം പി.ബി. അംഗം ബൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ, പി.കെ. ശ്രീമതി ടീച്ചർ, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ ടീച്ചർ എംഎ‍ൽഎ., മുക്കം ഉമർ ഫൈസി, ഖലീൽ തങ്ങൾ മുസ്ല്യാർ, ഹുസൈൻ മടവൂർ, ധർമ്മചൈതന്യസ്വാമി, പന്ന്യൻ രവീന്ദ്രൻ, ഡോ. ഫസൽ ഗഫൂർ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇസ്മയിൽ കരിയാട്, കെ.പി. മോഹനൻ എംഎ‍ൽഎ, ഫാദർ മാത്യൂസ് വാഴക്കുന്നം, സിപി സലീം, പി. കമാൽകുട്ടി (റിട്ട. ഐഎഎസ്) എന്നിവർ പങ്കെടുക്കുമെന്ന് എം.വി ജയരാജൻ അറിയിച്ചു.