തിരുവനന്തപുരം: സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ തെരുവു നായയുടെ കടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച എൻജിനിയറിങ് വിദ്യാർത്ഥിക്കും കടിയേറ്റു. ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ പുതിയതടത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി ആലംകോട് വഞ്ചിയൂർ മേവർക്കൽ തീർത്ഥം വീട്ടിൽ പവിത്ര (13), നഗരൂർ രാജധാനി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ആലംകോട് മണ്ണൂർഭാഗം ശ്രീശൈലം വീട്ടിൽ അഭിഷേക് (21) എന്നിവർക്കാണ് കടിയേറ്റത്.

ഇരുവരെയും വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പവിത്രയുടെ മുഖത്ത് സാരമായി മുറിവേറ്റിട്ടുണ്ട്. കൈകാലുകളിലും കടിയേറ്റു. പവിത്രയുടെ മുഖത്തും ചെവിക്ക് പിന്നിലും സാരമായി മുറിവുള്ളതിനാൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളതെന്ന് രക്ഷിതാവ് പറഞ്ഞു. ഇതിനായി തൊട്ടടുത്ത ദിവസം കുട്ടിയെ ശസ്ത്രക്രിയാവിഭാഗത്തിൽ പ്രവേശിപ്പിക്കും.

ശനിയാഴ്ച സ്‌കൂളിൽപ്പോയി മടങ്ങുമ്പോഴാണ് പവിത്രയെ തെരുവുനായ കടിച്ചത്. ഈ സമയം കോളേജിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ പോയ അഭിഷേക്, പവിത്രയെ തെരുവുനായ നിലത്തിട്ട് കടിക്കുന്നത് കണ്ടു. കുട്ടിയെ രക്ഷിക്കാനായി ബൈക്ക് നിർത്തി നായയെ നേരിട്ടു. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ വിട്ട നായ അഭിഷേകിനെ കടിച്ചു.