തിരുവനന്തപുരം: സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനും മടുത്തു. ഒടുവിൽ അത് തുറന്നു പറയുകയാണ് മുൻ മന്ത്രി. സ്മാർട്ട് സിറ്റി, അമൃത് പദ്ധതികളിൽ വലിയ വീഴ്ചയെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണ്. വികസനപദ്ധതികളുടെ പേരിൽ തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നും, മേയറെ വേദിയിലിരുത്തി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അത് സഞ്ചാര യോഗ്യമാക്കേണ്ടതായിട്ടുണ്ട്. ഓടകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രണ്ടു മൂന്നു പദ്ധതികൾ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്.

അതു നഗരസഭയുടെ പോരായ്മയാണെന്ന് പറയുന്നില്ല. പക്ഷെ പോരായ്മയുണ്ടെന്നത് സത്യമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ യാത്ര തന്നെ അസാധ്യമാക്കുന്ന തരത്തിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വർഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങൾ നഗരത്തിലുണ്ട്.

ഇതൊക്കെ എങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്ന് കൂട്ടായി ആലോചിച്ച് ചെയ്തു തീർക്കേണ്ട കാര്യമാണ്. അമൃത് പദ്ധതിയും സ്മാർട്ട് പദ്ധതിയുടേയും തീവ്രത വർധിപ്പിച്ച് വളരെ പെട്ടെന്ന് തന്നെ പൂർത്തീകരിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. ചില പദ്ധതികൾ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും വികസന സെമിനാറിൽ കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു.