വയനാട്: വന്യജീവി ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായിട്ടും വയനാട്ടിൽ എത്തിയില്ലെന്ന വിമർശനത്തിൽ പ്രതികരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. താൻ എത്താത്തല്ല, പ്രശ്നപരിഹാരമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു.

സർവകക്ഷിയോഗത്തിൽ പങ്കെടുക്കാൻ വയനാട്ടിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചെയ്യേണ്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. ചില പ്രത്യേക കാരണങ്ങൾ ഉള്ളതുകൊണ്ടാണ് തനിക്ക് എത്താൻ കഴിയാതെ പോയത്.

വയനാട്ടിലെ ജനങ്ങൾക്ക് സുരക്ഷയും ആശ്വാസവും നൽകുന്ന പ്രവർത്തനങ്ങൾ നടപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യജീവി ആക്രമണങ്ങളിൽ ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള ശാശ്വത പരിഹാരം കാണാൻ കഴിയാത്തതിന് കാരണം കേന്ദ്ര നിയമങ്ങളാണ്. കേന്ദ്രസർക്കാരാണ് ഈ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിൽ പ്രതിഷേധിച്ചവർക്കെതിരേ കേസെടുത്തതിൽ അപാകതയില്ല. പൊതുസ്വത്ത് നശിപ്പിച്ചതുകൊണ്ടാണ് കേസെടുത്തത്. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഭവനങ്ങൾ സന്ദർശിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.